തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതിനാല്‍ നിലവിലുളള വൈദ്യുതി നിയന്ത്രണം തുടരുമെന്നും കെ.എസ്.ഇ.ബി. വ്യാപകമായി മഴപെയ്യാത്ത ദിവസങ്ങളിലെല്ലാം നിയന്ത്രണം വേണ്ടിവരും. ഇത് ഡിസംബര്‍വരെയെങ്കിലും തുടരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്.
15മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരുമണിക്കൂര്‍വരെ പലേടത്തും വൈദ്യുതി മുടങ്ങുന്നുണ്ട്. 1530 മിനിട്ടാണ് ലോഡ് ഷെഡിങ്ങിന് തീരുമാനിച്ചിരുന്നത്. ബുധനാഴ്ച 485 മുതല്‍ 628 മെഗാവാട്ടുവരെ നിയന്ത്രിക്കേണ്ടിവന്നു. മഴയില്ലാത്തതിനാല്‍ നാലുമുതല്‍ അഞ്ചു ഡിഗ്രിവരെ ചൂടു കൂടിയിട്ടുണ്ട്. ബുധനാഴ്ച ഉപഭോഗം ഒമ്പതുകോടി യൂണിറ്റായി. ഇത് ജൂലായില്‍ കെ.എസ്.ഇ.ബി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലാണ്. ആവശ്യകതയില്‍ ആയിരം മെഗാവാട്ടിന്റെ വരെ വര്‍ധന പലദിവസങ്ങളിലുമുണ്ടാകുന്നു.
മഴക്കാലത്തുപോലും വൈദ്യുതി നിയന്ത്രിക്കേണ്ടിവരുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്നിടത്ത് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിയന്ത്രണം കൊണ്ടുവന്നത് പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. 'ഇന്ദിരാകട്ട്' എന്ന് പരിഹസിച്ചും മെഴുകുതിരി വിതരണം ചെയ്തുമെല്ലാം പ്രതിപക്ഷം പവര്‍കട്ടിനെ പരിഹസിച്ച് രംഗത്തുവന്നിട്ടുണ്ട്.
പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി മറ്റു പരിഹാരം കാണാനാവില്ലെന്നാണ് കെ.എസ്.ഇ.ബിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും അറിയിച്ചത്. ഉപഭോക്താക്കള്‍ ഉപയോഗം നിയന്ത്രിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.