ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ആശങ്കയുണർത്തി കോവിഡ്. മൂന്നാഴ്ചക്കുള്ളിൽ നാല് പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ജൂൺ 26നും ജൂലൈ 16നും ഇടയിൽ സംസ്ഥാനത്ത് 12 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആന്ധ്രാപ്രദേശ് ആരോഗ്യ കമ്മീഷണർ ജി. വീരപാണ്ഡ്യൻ പറഞ്ഞു. മരിച്ച നാല് പേർക്കും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്ര ശ്നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ്-19 കേസുകൾ ഒറ്റപ്പെട്ടതാണെന്നും വലിയ പകർച്ചവ്യാധിയുടെ ഭാഗമല്ലെന്നും വീരപാണ്ഡ്യൻ ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നാല് മരണങ്ങളിൽ മൂന്നെണ്ണം കടപ്പ ജില്ലയിൽ നിന്നും ഒന്ന് കാക്കിനടയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ജൂൺ 26ന് കടപ്പയിലാണ് സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത്. കോവിഡ് രോഗികളുമായി അടുത്ത ബന്ധം പുലർത്തിയ രണ്ട് പേർക്കാണ് പിന്നീട് വൈറസ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. കടപ്പയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, എട്ട് കേസുകൾ. ഗുണ്ടൂരിൽ രണ്ട് കേസുകളും വിശാഖപട്ടണത്തും കാക്കിനടയിലും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള വിവിധ മണ്ഡലങ്ങളിൽ നിന്നാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഒരു സ്ഥലവുമായോ ക്ലസ്റ്ററുമായോ ഇവ ബന്ധപ്പെട്ടിട്ടില്ലെന്നും വീരപാണ്ഡ്യൻ പറഞ്ഞു.

ജൂൺ 26 നും ജൂലൈ 15 നും ഇടയിൽ ആന്ധ്രാപ്രദേശിൽ 67 കോവിഡ് -19 പരിശോധനകൾ നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് 11 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

അതേസമയം തമിഴ്നാട്ടിലെ വെല്ലൂരിലുള്ള ക്രിസ്ത‌്യൻ മെഡിക്കൽ കോളജിൽ (സിഎംസി) 12-ാമത്തെ രോഗിയെ കണ്ടെത്തി. കടപ്പയിൽ നിന്നുള്ള മൂന്ന് പേരും കാക്കിനടയിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ നാല് രോഗികൾക്കും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വൃക്കരോഗം, മറ്റ് ഗുരുതരമായ രോഗങ്ങൾ തുടങ്ങിയ മുൻകാല മെഡിക്കൽ അവസ്ഥകൾ ഉണ്ടായിരുന്നുവെന്ന് വീരപാണ്ഡ്യൻ പറഞ്ഞു.

ജൂലൈ 1 മുതൽ ഇന്ത്യയിൽ 339 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് (115), തൊട്ടുപിന്നിൽ കർണാടക (64), മഹാരാഷ്ട്ര (43), തമിഴ്നാട് (39), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (18), ഡൽഹി (18), രാജസ്ഥാൻ (12) എന്നിങ്ങനെയാണ് കണക്ക്.