കുവൈത്ത് സിറ്റി:  ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി - ജലം - പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീപിടിത്തമുണ്ടാവുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തു. ജനറൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘങ്ങളും സ്ഥലത്തെത്തി കേടുപാടുകൾ വിലയിരുത്തി വരികയാണ്. നിലയം സുരക്ഷിതമാക്കാനും വൈദ്യുതി ഉൽപാദന യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ദേശീയ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും വൈദ്യുതി - ജല വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാനും എൻജിനീയർമാരും അടിയന്തര സംഘങ്ങളും രാപ്പകൽ പ്രവർത്തിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.