മഞ്ചേരി: സ്ത്രീയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മുവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള പൊലീസ് അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലൈവ് സ്ട്രീമിനിടെ ഗായകൻ ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അധിക്ഷേപിച്ചു എന്നതാണ് കേസ്. പ്രധാന പ്രതിയായ തൊപ്പി ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഹനാൻ ഷായുടെ സുഹൃത്തിന്റെ ഭാര്യയെയാണ് ലൈവിൽ അപമാനിച്ചത്. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്കും പരാതി ലഭിച്ചിരുന്നു.
തൊപ്പിയുടെ മുൻ സുഹൃത്തുക്കളും 'എംആർഎസ് ഗ്യാങ്' അംഗങ്ങളും തമ്മിൽ അടുത്തിടെ പരസ്പര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെയുണ്ടായ ഒരു ലൈവ് വീഡിയോയിലാണ് ഹനാൻ ഷായുടെ സുഹൃത്തുക്കളെ അധിക്ഷേപിക്കുന്ന തരത്തിൽ മമ്മു സംസാരിച്ചത്. മമ്മുവിനെ കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൊലീസ് നടത്തും.
സോഷ്യൽ മീഡിയ ലൈവുകൾ വഴിയുള്ള അപമാനിക്കലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.ജൂൺ 10ന് രാത്രി 10 മണി മുതൽ Mrz Shameer എന്ന യൂട്യൂബ് ചാനലിൽ നടത്തിയ ലൈവ് സ്ട്രീമിലാണ് സംഭവം. തൊപ്പിയുമായി പിരിഞ്ഞതിന് പിന്നാലെയുള്ള രോഷത്തിലായിരുന്നു ലൈവ്. കണ്ണൂർ ഇരിക്കൂറിലെ വീട്ടിൽ നിന്നാണ് മമ്മുവിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു.