മലപ്പുറം: കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് എഴുത്തുലോട്ടറി ചൂതാട്ടം നടത്തിവന്ന മാഫിയ തലവൻ പൊന്നാനിയിൽ പിടിയിലായി.
പൊന്നാനി നൈതല്ലൂര്‍ സ്വദേശി പുലകുന്നത്ത് മണികണ്ഠന്‍ എന്ന റൈറ്റര്‍ മണി (52) യാണ് പോലീസ് അറസ്റ്റിലായത്. ആപ്പുകളും വാട്‌സാപ്പ് ഗ്രൂപ്പുകളും നെറ്റ്‌വർക്കിങ് സംവിധാനങ്ങളും വഴിയായിരുന്നു ഇയാളുടെ തട്ടിപ്പ്. മുമ്പ് കടകൾ കേന്ദ്രീകരിച്ച് ലോട്ടറി ചൂതാട്ടം നടത്തിയതിന് മൂന്ന് തവണ പോലീസ് പിടിയിലായ വ്യക്തിയാണ് മണികണ്ഠൻ.
എന്നാൽ, പോലീസിന് സംശയം തോന്നാതിരിക്കാൻ ഇയാൾ പിന്നീട് തന്ത്രം മാറ്റുകയായിരുന്നു. സംശയം തോന്നാതിരിക്കാനായി കടകൾ ഒഴിവാക്കി വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഫോൺ വഴി ആവശ്യക്കാരെ സമീപിച്ച് ഓൺലൈൻ പേയ്മെന്റ് വഴി പണം സ്വീകരിച്ചിരുന്നു. ബിനാമി പേരുകളിലുള്ള വാടക അക്കൗണ്ടുകൾ വഴിയാണ് ഓൺലൈൻ പേയ്‌മെന്റുകളായി ലക്ഷക്കണക്കിന് രൂപ ഇയാൾ സ്വരൂപിച്ചിരുന്നത്.
പ്രതി കൈകാര്യം ചെയ്ത ബിനാമി അക്കൗണ്ടുകളിലെ പണമിടപാടുകളെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തുമെന്ന് പൊന്നാനി സി.ഐ അറിയിച്ചു. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. രഹസ്യവിവരത്തെ തുടർന്ന് പൊന്നാനി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം മണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയാണ് പിടികൂടിയത്. വീട്ടിൽ നിന്ന് 4 മൊബൈൽ ഫോണുകൾ, 3 ലാപ്ടോപ്പ്, നിരവധി ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ, 1.2 ലക്ഷം രൂപ കണ്ടെടുത്തു.