കണ്ണൂർ: മണ്ണ് വാരൽ അനുമതിക്കായി 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസിന്റെ വലയിലായി. കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനാണ് പിടിയിലായത്. ചെറുകുന്ന് സ്വദേശിയായ പരാതിക്കാരനിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് സംഘം കൈയോടെ പൊക്കിയത്.
പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി ചെറുകുന്ന് സ്വദേശി കഴിഞ്ഞ വർഷം ജൂണിൽ തന്നെ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ സൈറ്റ് പരിശോധന നടത്താൻ തയ്യാറായില്ല.
ഇതേത്തുടർന്ന് അപേക്ഷകൻ വീണ്ടും ഓഫീസിലെത്തി ഉദ്യോഗസ്ഥരെ സമീപിച്ചു. ഈ സമയത്താണ് സൈറ്റ് പരിശോധന വേഗത്തിലാക്കാൻ ഇൻസ്പെക്ടറായ ശ്രീധരൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ കെണിയൊരുക്കി വെച്ച പണവുമായി എത്തിയ പരാതിക്കാരനിൽ നിന്ന് തുക കൈപ്പറ്റുന്നതിനിടെയാണ് ശ്രീധരൻ പിടിയിലായത്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു.
സംഭവത്തെ തുടർന്ന് വകുപ്പുതല അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിലെ ഫയൽ നടപടികൾക്കായി കൈക്കൂലി ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിജിലൻസിനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.