കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെക്ഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ താന്‍ പ്രതിചേര്‍ക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.

വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ച് വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചവരില്‍ പ്രധാനിയാണ് റിബേഷ് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

കേസ് അന്വേഷണത്തിന്റെ നിര്‍ണായകമായ ഈ ഘട്ടത്തില്‍, ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെളിവുനശീകരണത്തിനും അന്വേഷണത്തെ ബാധിക്കുന്നതിനും കാരണമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ കോടതി റിബേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. 2024ലെ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വ്യാജ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഷാഫി പറമ്പിലിനായി വോട്ട് ചോദിച്ചുകൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ പി.കെ മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെട്ടത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ. ശൈലജക്കെതിരെ വര്‍ഗീയ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് ഈ സ്‌ക്രീന്‍ഷോട്ട് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.