തിരുവനന്തപുരം: കൃഷി വകുപ്പിന്റെ 'സഹസ്ര സരോവർ' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളിലെ രണ്ട് പ്രമുഖ ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിന് സർക്കാർ ഭരണാനുമതി നൽകി. കൃഷി (ഐ.എഫ്.എ) വകുപ്പിന്റെ ഉത്തരവ് (സ.ഉ(കൈ)നം.73/2026/AGRI) പ്രകാരമാണ് അനുമതിയെന്ന് മന്ത്രി ടി. സിദ്ധിഖിന്റെ ഓഫീസ് അറിയിച്ചു.

2026-27 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ 200 ലക്ഷം രൂപ (2 കോടി) ഉപയോഗിച്ചാണ് ആദ്യഘട്ട നിർമ്മാണം നടപ്പിലാക്കുന്നത്.

അനുമതി ലഭിച്ച പദ്ധതികൾ:

കോഴിക്കോട് നാദാപുരം മണ്ഡലത്തിലെ തൂണേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂർ ശിവക്ഷേത്രക്കുളം ആധുനികവൽക്കരിക്കും. 2.7 ഏക്കറുള്ള കുളത്തിന്റെ പുനരുദ്ധാരണത്തിലൂടെ 300-ഓളം കർഷകർക്ക് പ്രയോജനം ലഭിക്കും. ജി.എസ്.ടി ഉൾപ്പെടെ 727.86 ലക്ഷം രൂപയാണ് ആകെ എസ്റ്റിമേറ്റ്. ഇതിൽ 100 ലക്ഷം ഈ വർഷത്തെ ബജറ്റിൽ നിന്ന് അനുവദിച്ചു.

വയനാട് കൽപ്പറ്റ മണ്ഡലത്തിലെ കോട്ടത്തറ പഞ്ചായത്തിലെ നീരൂർ ശിവക്ഷേത്രക്കുളം നവീകരിക്കും. ആകെ എസ്റ്റിമേറ്റ് 100 ലക്ഷം രൂപ പൂർണമായും അനുവദിച്ചു.

ആകെ 827.86 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന പദ്ധതികൾക്കായി 200 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതിലൂടെ ജലസംഭരണ ശേഷി വർധിക്കുകയും ഭൂഗർഭ ജലനിരപ്പും കാർഷിക ഉൽപാദനവും വർദ്ധിക്കും.

നിർവഹണ ചുമതല കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് (KLDC). തൃശ്ശൂർ KLDCയിലെ കൺസ്ട്രക്ഷൻ എഞ്ചിനീയറർക്കാണ് മേൽനോട്ടം. പദ്ധതി 2027 മാർച്ച് 31-നകം പൂർത്തിയാക്കണം.