കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഒരാൾ കൂടി നിരീക്ഷണത്തിൽ. ഡിവൈഎഫ്ഐ തിരുവള്ളൂർ സ്വദേശി ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിൻ്റെ മൊഴി പൊലിസ് രേഖപെടുത്തി. റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നെന്ന് സൂചന. ജിതിൻ്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും.
സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. സ്‌ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തതായി കണ്ടെത്തിയ റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും രേഖപ്പെടുത്തുക.
യൂത്ത് ലീഗ് നെടുമ്പ്രമണ്ണ ശാഖാ സെകട്ടറിയുടെ മൊഴിയും അന്വേഷണ സംഘം ഇന്നെടുക്കും. ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം ഈ ശാഖാ കമ്മിറ്റിയുടെ വാട്ട്സ് അപ് ഗ്രുപ്പിൽ ഈ പോസ്റ്റ് ഇട്ടെന്നാണ് സിപിഎം ആദ്യം പരാതി ഉന്നയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ടി.മനോഹരൻ്റെ നേതൃത്വത്തിലാകും മൊഴിയെടുപ്പ്.
പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് കണ്ട് അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് കേസാണ് പ്രത്യേക അന്വേഷണ സംഘം വീണ്ടും അന്വേഷിക്കുക. അന്വേഷണ സംഘത്തിൻ്റെ ആദ്യ യോഗത്തിൽ കേസിൻ്റെ നിലവിലെ അവസ്ഥ വിലയിരുത്തിയ സംഘം തുടർനീക്കങ്ങൾക്ക്രൂപം നൽകി. സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണൻ്റെ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചാകും അന്വേഷണം
കോഴിക്കോട് റൂറൽ എസ്‍പി ഫറാഷ്, അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ടി. മനോഹരൻ ഉൾപ്പെടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു . അന്വേഷണസംഘത്തിൽ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥരെ കൂടുതലായി ഉൾപ്പെടുത്തിയതിൽ യുഡിഎഫ് പ്രവർത്തകര്‍ക്ക് അതൃപ്തിയുണ്ട്. സംഘത്തിലെ സിഐ ദിനേശ് എ.വി സിപിഎം സഹയാത്രികനാണ്.വടകര ചാനിയം കടവിൽ ലീഗ് പ്രവർത്തകൻ്റെ വീട്ടിൽ അതിക്രമം കാണിച്ചെന്ന ആക്ഷേപമുള്ള. കെ. രഞ്ജിത്ത് ആണ് മറ്റൊരാൾ.
പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് ഉൾപെടെ എസ്‍ഐടിയിലെ ഭൂരിഭാഗം അംഗങ്ങളും സിപിഎം സഹയാത്രികരെന്നാണ് പരാതി. റുറൽ എസ്‍പി ഫറാഷിൻ്റെ ഇടപെടലാണ് ഇതിന് പിന്നിലെന്ന പരാതി യുഡിഎഫ് നേതാക്കൾക്കുണ്ട്. എസ്‍പിയെ നിയന്ത്രിക്കുന്നത് എകെജി സെൻ്ററിൽ നിന്നാണെന്ന് തോന്നുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. പരാതികൾക്ക് പരിഹാരമുണ്ടാകുമെന്ന മറുപടിയാണ് യുഡിഎഫ് നേതാക്കളിൽ നിന്ന് യുവജന നേതാക്കൾക്ക് കിട്ടിയത്