കോഴിക്കോട്: ഇടുക്കി, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരഞ്ഞെടുപ്പിലെ തിരിച്ചടികളും സംഘടനാ വീഴ്ചകളും രൂക്ഷമായ ചർച്ചയാകും.

ഇടുക്കിയിൽ വിശാല ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായി നടക്കും. രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സമ്പൂർണ്ണ പരാജയം പ്രധാന അജണ്ടയാകും. ഉടുമ്പൻചോലയിൽ എം. മണിയെ മാറ്റി ജില്ലാ നേതൃത്വത്തിന്റെ താല്പര്യം മറികടന്ന് കെ.കെ. ജയചന്ദ്രൻ മത്സരിച്ചത് തിരിച്ചടിയായെന്ന വിമർശനവും ദേവികുളത്ത് സി.പി.ഐയുമായുണ്ടായ പരസ്യ തർക്കങ്ങളും ചർച്ചയാകും.

കോഴിക്കോട്ട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 125 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് വേദിയാകുന്നതിനാൽ ഇത്തവണ റാലിയും പൊതുസമ്മേളനവും ഒഴിവാക്കി. യോഗം മറ്റന്നാൾ വൈകിട്ട് സമാപിക്കും.

പത്തനംതിട്ടയിൽ ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായി ചേരും. മുൻമന്ത്രി വീണാ ജോർജിന്റെ തോൽവി, സ്വർണ്ണക്കൊള്ള കേസ്, എ. പദ്മകുമാറിനെതിരായ നടപടികൾ എന്നിവ ചർച്ചയാകും. ചില പ്രമുഖ നേതാക്കളുടെ മാഫിയ ബന്ധങ്ങൾ തുറന്നുകാട്ടാൻ ഒരു വിഭാഗം ഒരുങ്ങുമ്പോൾ, വിഭാഗീയത മുളയിലേ നുള്ളാൻ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.