വയനാട് :നെന്മേനി ഗ്രാമപഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിന് ജൂൺ 21 വരെ അവധി തുടരാൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീയുടെ നിർദ്ദേശം. മറ്റു സ്കൂളുകൾ നാളെ (ജൂൺ 18) മുതൽ തുറന്നു പ്രവർത്തിക്കാനും ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ എല്ലാ സ്കൂളുകളിലും ഭക്ഷണം പാകം ചെയ്യൽ, കുടിവെള്ളം എന്നീ ആവശ്യത്തിന് ചൂടുവെള്ളം മാത്രം ഉപയോഗിക്കണമെന്ന് കലക്ടർ നിർദ്ദേശിച്ചു.
ജില്ലയിലെ എല്ലാ സ്കൂളുകളിലെയും വാട്ടർ ടാങ്ക്, വെള്ളം സംഭരിക്കുന്ന മറ്റ് സംഭരണികൾ ദിവസേന വൃത്തിയാക്കി ക്ലോറിനേഷൻ ചെയ്യണം. ചീരാൽ ഹയർ സെക്കൻഡറി സ്കൂളിൽ ജലനിധി പദ്ധതി മുഖേന ലഭ്യമാക്കുന്ന ജലം പരിശോധിച്ച് മലിനീകരണമില്ലെന്ന് ഉറപ്പാക്കി മാത്രമെ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിർദ്ദേശമുണ്ട്.
വീടുകളിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം കൊണ്ടുവരാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകാനും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിച്ചാണ് തുറന്നു പ്രവർത്തിക്കുന്നതെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു