കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം.കെ നിഗേഷിനെതിരെ കേസ്. കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്.
ഡിവൈഎഫ്ഐ സംഘടിപ്പിച്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു വിവാദ പരാമർശം.
"ഡിവൈഎഫ്ഐയുടെ സമരമുഖത്തേക്ക് വന്നാൽ ഷൗക്കത്തലിയുടെ പൊടിപോലും കാണില്ല, നെയിം പ്ലേറ്റ് ഇല്ലാത്ത പൊലീസുകാർ വീട്ടിൽ കയറിയാൽ കണ്ണടിച്ച് പൊട്ടിക്കും" എന്നായിരുന്നു നിഗേഷിന്റെ ഭീഷണി. ഡൽഹിയിൽ സമരം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും സേനയ്ക്കെതിരെയും വധഭീഷണി ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.