തിരുവനന്തപുരം: 18 വയസ് പൂർത്തിയാകും മുമ്പ് ഡ്രൈവിങ് ലൈസൻസ് നേടിയെന്ന ആരോപണം നിലനിൽക്കേ മുൻമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയെന്ന് രേഖപ്പെടുത്തിയതും വിവാദത്തിൽ. ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം എം.എൽ.എയെന്ന വിശേഷണം അനധികൃതമായി കൂട്ടിച്ചേർത്തത് ഗണേഷ്‌കുമാർ ആവശ്യപ്പെട്ട പ്രകാരമെന്ന് രേഖകൾ വ്യക്തമാക്കുന്നു. 

2023 ജൂലൈയിൽ ലൈസൻസ് പുതുക്കിയപ്പോഴും 2024 നവംബറിൽ മേൽവിലാസം മാറ്റിയപ്പോഴും എം.എൽ.എയെന്ന് പേരിനൊപ്പം കൂട്ടിച്ചേർത്താണ് അപേക്ഷ നൽകിയത്. ഇതിലെ വിശദാംശങ്ങൾ പരിശോധിച്ച് കൃത്യമെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലവും അദ്ദേഹം നൽകിയിട്ടുണ്ട്.  

തിരുവനന്തപുരം നഗരത്തിൽ സ്വന്തം വീടുണ്ടായിട്ടും ഗതാഗതമന്ത്രിയെന്ന സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് ഗണേഷ്‌കുമാറിന്റെ ലൈസൻസിലുള്ളത്. സ്ഥിരതാമസക്കാർക്ക് അതേസ്ഥലത്ത് താൽകാലിക മേൽവിലാസം കൂട്ടിച്ചേർക്കാൻ അനുവദിക്കരുതെന്നാണ് വ്യവസ്ഥ. 18 വയസ് പൂർത്തിയാകും മുമ്പേ ഗണേഷ് കുമാറിന് ലൈസൻസ് ലഭിച്ചെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു.