അബുദബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സാധാരണ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള കാത്തിരിപ്പ് നീളുന്നു. സാധാരണ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവച്ച നടപടി ജൂലൈ 1 വരെ നീട്ടിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഈ കാലയളവിൽ അബുദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അത്യാവശ്യ ഘട്ടങ്ങളിലുള്ള അടിയന്തര കോൺസുലാർ സേവനങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ.



സേവന ദാതാക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ കാരണമാണ് ഈ താൽക്കാലിക തടസ്സം. ജൂലൈ 2 മുതലുള്ള സാധാരണ സർവീസുകളെയും അപ്പോയിന്റ്മെന്റുകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യഥാസമയം എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബിഎൽഎസിന് പകരം ഇനി 'അൽഹിന്ദ്'

യുഎഇയിലുടനീളമുള്ള ഔട്ട്‌സോഴ്‌സ് ചെയ്ത ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ വിതരണം 2026 ജൂലൈ 1 മുതൽ 'അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസി' ഏറ്റെടുക്കുകയാണ്.

ഈ മാറ്റത്തിന്റെ ഭാഗമായി, നിലവിൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ (BLS International), അറ്റസ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ജിഐവിഎസ് ഗ്ലോബൽ (SGIVS Global) എന്നിവർ ജൂൺ 25-ഓടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ജൂൺ 26 മുതൽ ജൂൺ 30 വരെ അഞ്ച് ദിവസത്തേക്ക് സാധാരണ സേവനങ്ങൾ നിർത്തിവയ്ക്കാനായിരുന്നു ആദ്യ തീരുമാനം എങ്കിലും ഇപ്പോഴത് ജൂലൈ 1 വരെ നീട്ടുകയായിരുന്നു.

അടിയന്തര സഹായങ്ങൾക്ക് എങ്ങനെ ബന്ധപ്പെടാം?

പാസ്‌പോർട്ട്, വിസ പുതുക്കൽ തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര സഹായം ആവശ്യമുള്ള പ്രവാസികൾക്കായി ഇരു മിഷനുകളും പ്രത്യേക ഹെൽപ്പ്‌ലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ യാത്രക്കാർക്ക് ബന്ധപ്പെടാം: