കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. പാലക്കാട് സ്വദേശിനിയായ അമൃതയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
ഡോക്ടറെ കാണാൻ പോകുകയാണെന്ന് ഹോസ്റ്റൽ അധികൃതരെയും സഹപാഠികളെയും അറിയിച്ച ശേഷമാണ് അമൃത ഹോസ്റ്റലിൽ നിന്ന് പുറത്തുപോയത്. തുടർന്ന് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.
പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹപാഠികൾ പൊലീസിനോട് പറഞ്ഞു. അമൃത കണ്ണൂരിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥിനി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.