കൊച്ചി: വെസ്റ്റ് നൈൽ പനിയെ തുടർന്ന് എറണാകുളം ജില്ലയിൽ ഒരു മരണം. ആലുവ കിഴക്കെ കടുങ്ങല്ലൂർ കൊച്ചു മൂത്തേടത്ത് മുരളീധരൻ (70 ) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.
*വെസ്റ്റ് നൈൽ എന്താണ് ?*
ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തു.
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം.
*ചികിത്സ*
ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം. സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കും.
*മുൻകരുതലുകൾ*
വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.
ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാഗം കോട്ടൺ തുണികൊണ്ട് മൂടുക,
കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക,
സ്വയംചികിത്സ ഒഴിവാക്കുക.