ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ 35 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി മലയാളി യുവാവ് പിടിയില്‍. മുന്‍ കൊമേഴ്‌സ്യല്‍ പൈലറ്റും ദൗലത്താബാദിലെ ലാന്‍ഡ്മാര്‍ക്ക് സൊസൈറ്റിയില്‍ താമസക്കാരനായ കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി അര്‍ഷാദ് അലി (33) എന്ന അജ്ജുവിനെയാണ് സെക്ടര്‍ 39 ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 814 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
സെക്ടര്‍ 103ന് സമീപം നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. സംഭവത്തില്‍ രാജേന്ദ്ര പാര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നോയിഡയിലുള്ള ഒരാളില്‍നിന്ന് അഞ്ചുലക്ഷം രൂപയ്ക്കാണ് പിടിച്ചെടുത്ത എം.ഡി.എം.എ വാങ്ങിയതെന്നും വില്‍പ്പനയ്ക്ക് ശേഷം ലഭിക്കുന്ന തുക അനുസരിച്ച് ബാക്കി തുക നല്‍കാനായിരുന്നു ധാരണയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.