കുവൈത്ത്ത്:സാധുവായ താമസാനുമതിയുള്ള പ്രവാസികൾ തുടർച്ചയായി ആറുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയരുതെന്ന വ്യവസ്ഥയിൽ കൂടുതൽ വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചു. വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം.
കുവൈത്തി മാതാക്കളുടെ വിദേശ പൗരത്വമുള്ള മക്കൾ, കുവൈത്തികളുമായുള്ള വിവാഹബന്ധത്തിന്റെ അടിസ്ഥാനത്തിൽ താമസാനുമതി നേടിയ ചില വിഭാഗങ്ങൾ, രാജ്യത്ത് വസ്തുവകകളുള്ള പ്രവാസികൾ, നിക്ഷേപക താമസാനുമതിയുള്ളവർ എന്നിവർക്കൊപ്പം ആർട്ടിക്കിൾ 7-ബിസ് പ്രകാരം താമസാനുമതി ലഭിക്കുന്നവരെയും ആറുമാസ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മറ്റ് പ്രവാസികൾക്കും പ്രത്യേക സാഹചര്യങ്ങളിൽ റെസിഡൻസി അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റിന്റെ മുൻകൂർ അനുമതിയോടെ ആറുമാസത്തിലധികം രാജ്യത്തിന് പുറത്തു കഴിയാം. കുവൈത്തി പൗരത്വം പിൻവലിക്കപ്പെട്ട ചില വിഭാഗങ്ങൾക്ക് പരമാവധി പത്ത് വർഷം വരെ സാധാരണ താമസാനുമതി അനുവദിക്കാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി ഇവർക്ക് രാജ്യത്ത് ജോലി ചെയ്യാനും അനുമതിയുണ്ടാകും.
അതേസമയം, ഗാർഹിക തൊഴിലാളികൾക്ക് നിലവിലുള്ള നാലുമാസ വ്യവസ്ഥ തുടരും. നാലുമാസത്തിലധികം കുവൈത്തിന് പുറത്തു കഴിയേണ്ടവർ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരിൽനിന്ന് മുൻകൂർ അനുമതി നേടണം.