കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും പൊലീസിന്റെ വൻ സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരൻ ഷൂവിൽ ഒളിപ്പിച്ച് കൊണ്ടുവന്ന കള്ളക്കടത്ത് സ്വർണമാണ് പിടികൂടിയത്.
ബുധനാഴ്ച പുലർച്ചെ 1.45ന് ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ പാതിരിയാട് സ്വദേശി അസ്സു (47) ആണ് പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ ധരിച്ചിരുന്ന ഷൂവിൽ റെക്സിൻ പോലുള്ള വസ്തുകൊണ്ട് പൊതിഞ്ഞ നിലയിൽ 1.467 കിലോ സ്വർണ മിശ്രിതം കണ്ടെത്തി.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ പ്രത്യേക സ്ക്വാഡും കരിപ്പൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
യാത്രക്കാരനെയും തൊണ്ടിവസ്തുക്കളും തുടർ നടപടികൾക്കായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ചൊവ്വാഴ്ച കരിപ്പൂർ വിമാനത്താവള പരിസരത്ത് നിന്ന് വസ്ത്രത്തിലും ശരീരത്തിനകത്തുമായി രണ്ട് യാത്രക്കാർ ഒളിപ്പിച്ച് കൊണ്ടുവന്ന രണ്ട് കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണ മിശ്രിതം പൊലീസ് പിടികൂടിയിരുന്നു. സ്വർണം സ്വീകരിക്കാൻ എത്തിയ രണ്ട് പേരും അന്ന് പിടിയിലായിരുന്നു.