പലവ്യഞ്ജനങ്ങളുടെയും അരിയുടെയും പല ഇനങ്ങൾക്കും 40 ശതമാനംവരെയാണ് വിലക്കയറ്റം. ചിലതിന് 100 ശതമാനവും. വറ്റൽമുളകിന് വില 330 രൂപ വരെയായി. ഒരുമാസത്തിനിടെ കൂടിയത് 130 രൂപ. ചെറിയ ഉള്ളി 80-ൽനിന്ന് 220-ലേക്കും സവാള 40-ൽനിന്ന് 80-ലേക്കും ഉയർന്നു. വെളുത്തുള്ളി 100-ൽനിന്ന് 260-ലേക്ക് കുതിച്ചു. പഞ്ചസാര, തുവര, മല്ലി, ജീരകം, പയറുവർഗങ്ങൾ, മഞ്ഞൾ, ഉലുവ, കടുക് എന്നിവയ്ക്കെല്ലാം ശരാശരി 20-40 രൂപയുടെ വർധനയാണ്. ഭക്ഷ്യപ്പൊടികൾക്കെല്ലാം പാക്കിങ് ചാർജും ബ്രാൻഡിങ് ചെലവുംകൂടി വരുമ്പോൾ പിന്നെയും 30-40 രൂപ അധികമാവും.
കേരളത്തിന്റെ ഭക്ഷ്യവിലക്കയറ്റനിരക്ക് ദേശീയ ശരാശരിയും കടന്ന് മുന്നോട്ട്. ദേശീയനിരക്ക് 9.94 ശതമാനവും കേരളത്തിന്റേത് 10.92 ശതമാനവുമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളാണ് വിലക്കയറ്റത്തിൽ മുന്നിൽ. ആന്ധ്രപ്രദേശ് (13.23), തമിഴ്നാട് (12.37), കർണാടക (12.11), തെലങ്കാന (11.66) എന്നിങ്ങനെയാണ് വിലക്കയറ്റത്തോത്.
മഴക്കുറവുമൂലം സംസ്ഥാനങ്ങൾ കൃഷിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് വിലക്കയറ്റത്തിന് കാരണം. ജലശോഷണം സംബന്ധിച്ച് കേന്ദ്ര ജലകമ്മിഷന്റെ നവംബർ 11-ലെ കണക്ക് പുറത്തുവന്നതോടെ ആശങ്കയേറി. 178 അണക്കെട്ടുകളിലായി 37 ശതമാനം വെള്ളത്തിന്റെ കുറവുണ്ട്.