കണ്ണൂർ: പയ്യന്നൂരിൽ നടന്ന സഹകരണ വാരാഘോഷ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. എട്ട് സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസ്. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ അഡീഷണൽ സ്റ്റാഫിനെ മർദിച്ച സംഭവത്തിലാണ് നടപടി. വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പരിപാടിയിൽ എം.എൽ.എ പ്രസംഗിക്കുന്നതിനിടെ ഒരു സംഘം ആളുകൾ ബഹളം വെക്കുകയും വി. കുഞ്ഞികൃഷ്ണന്റെ അഡീഷണൽ സ്റ്റാഫ് പി. പ്രസന്നനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിനുപിന്നാലെ വി. കുഞ്ഞികൃഷ്ണനും അദ്ദേഹത്തിന്റെ അനുകൂലികളും വേദിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
തളിപ്പറമ്പ് സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ആദ്യം നഗരസഭ ചെയർപേഴ്സൺ സജൻ ശശിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ സഹകരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിനെ തുടർന്ന് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ ഉദ്ഘാടകനാക്കുകയായിരുന്നു.
പ്രസംഗത്തിനിടെ രാഷ്ട്രീയ വിഷയങ്ങളും സഹകരണ മേഖലയിലെ പ്രശ്നങ്ങളും പരാമർശിച്ചതോടെയാണ് ഒരു വിഭാഗം ആളുകൾ ബഹളം വെച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.