കാഞ്ഞങ്ങാട്: മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വയോധിക മരിച്ചു. അതിഞ്ഞാൽ കെ.കെ പുരയിൽ മറിയം (75) ആണ് മരിച്ചത്.
വൈദ്യുതി നിലച്ചതിനെ തുടർന്ന് ഇൻവെർട്ടർ സഹായത്തോടെ ഉപകരണം പ്രവർത്തിപ്പിച്ചിരുന്നെങ്കിലും ആറര മണിക്കൂർ പ്രവർത്തിച്ചതോടെ ഇൻവെർട്ടറിന്റെ ചാർജ് തീർന്നു. ഇതോടെയാണ് ഓക്സിജൻ ലഭിക്കാതെ വന്നത്.
അറ്റകുറ്റപ്പണിയുടെ പേരിലാണ് പ്രദേശത്തെ ലൈൻ ഓഫ് ചെയ്തിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഓഫ് ചെയ്ത വൈദ്യുതി രാത്രി 8.30 നാണ് പുനഃസ്ഥാപിച്ചത്. ഇതിനിടെ പൊതുപ്രവർത്തകർ അടക്കം പല തവണ വിളിച്ചെങ്കിലും ഉടൻ ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
ഭർത്താവ്: ബീരാൻകാടത്ത് ഖാദർ. മക്കൾ: ശരീഫ, സുബൈദ, സാജിത.