മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്ന് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പം വീട്ടിൽ കെ.വി.ഷാഫി (47), പൊന്നാനി അഴീക്കൽ സ്വദേശി അത്തോളിപ്പറമ്പിൽ വീട്ടിൽ എ.പി.അൻസാർ (30), പൊന്നാനി മരക്കടവ് സ്വദേശി പുതുപൊന്നാനിക്കാരന്റെ വീട്ടിൽ പി.സക്കീർ (36) എന്നിവർക്കെതിരെയാണ് നടപടി.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് തൃശൂർ റേഞ്ച് ഡിഐജിയാണ് ഇവർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്.
ഷാഫിക്കെതിരെ പൊന്നാനി, പെരുമ്പടപ്പ് സ്റ്റേഷനുകളിലായി എംഡിഎംഎ, കഞ്ചാവ് കേസുകൾ ഉൾപ്പെടെ നാല് കേസുകളുണ്ട്. അൻസാറിനെതിരെ നരഹത്യാശ്രമം ഉൾപ്പെടെ ആറ് കേസുകളും സക്കീറിനെതിരെ കഞ്ചാവ് വിപണനം, പിടിച്ചുപറി ഉൾപ്പെടെ ആറ് കേസുകളുമുണ്ട്.