കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാവൂർ സ്വദേശി അഭിജിത്ത്(24) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.ദിവസങ്ങൾക്ക് മുൻപാണ് സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് യുവാവ് ചൂഷണം ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി പെൺകുട്ടിയെ തന്ത്രപൂർവം വീട്ടിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.സംഭവത്തിൽ പെൺകുട്ടി പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
തുടർന്ന് മാവൂരിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിന് ശേഷം യുവാവിനെ കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും സംരക്ഷണവും നൽകുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.