മലപ്പുറം: കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേറ്റു. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരിച്ചത്.
ഭാര്യ റഷീദ (50) ഗുരുതര പരിക്കുകളോടെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എ.ആർ നഗർ കൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്ന് പൊന്മളയിലെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും.
വേങ്ങര ഭാഗത്ത് നിന്ന് കക്കാട് ഭാഗത്തേക്ക് മണലുമായി വരികയായിരുന്ന ടിപ്പർ ലോറി മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.