പേരാമ്പ്ര: പേരാമ്പ്രയിൽ പലിശയ്ക്ക് പണം വായ്പ നൽകുന്നതിന്റെ പേരിൽ വൻ തട്ടിപ്പെന്ന് പരാതി. കുറഞ്ഞ പലിശയ്ക്ക് പണം വായ്പ നൽകി മാസങ്ങൾക്ക് ശേഷം പലിശ ഉയർത്തുകയും പണം തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നതോടെ വീടും സ്ഥലവും തട്ടിയെടുക്കുന്നതാണ് രീതി. പയ്യോളി സ്വദേശിനി പി.ടി ഖദീജയെന്ന ഷരീഫയ്ക്കെതിരെയാണ് പരാതി.
വടകര, ഇരിങ്ങത്ത്, പയ്യോളി, പേരാമ്പ്ര മേഖലകൾ കേന്ദ്രീകരിച്ചാണ് ഖദീജയുടെ തട്ടിപ്പ്. തുടക്കത്തിൽ കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് പണം നൽകിയ ശേഷം ഒന്നോ രണ്ടോ മാസത്തിനകം പലിശനിരക്ക് 8 ശതമാനത്തിൽ നിന്ന് 15-16 ശതമാനം വരെയായി കുത്തനെ ഉയർത്തും. പണം നൽകുന്ന സമയത്ത് ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഖദീജ വാങ്ങിയെടുക്കും. ഈ കടലാസുകൾ ദുരുപയോഗം ചെയ്ത് അഡ്വാൻസ് തുകയായി ലക്ഷങ്ങൾ വാങ്ങി വീട് വിൽക്കാൻ കരാറുണ്ടാക്കിയെന്ന വ്യാജരേഖകളും ഇവർ നിർമിക്കുമെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ വായ്പയെടുത്തവർ 8 ലക്ഷത്തോളം രൂപ തിരിച്ചുനൽകിയിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും പരാതിക്കാർ ആരോപിക്കുന്നു.
ഇരയാക്കപ്പെട്ടവരെ സമ്മർദത്തിലാക്കാൻ ബെംഗളൂരുവിലാണ് ഖദീജ കേസ് നൽകുന്നത്. കേസ് നടത്തുന്നതിനായി അവിടേക്ക് കഴിയാത്ത പാവപ്പെട്ട ഇരകളിൽ നിന്ന് വീണ്ടും ഇവർ ലക്ഷങ്ങൾ കൈക്കലാക്കും. തട്ടിപ്പിനിരയായ മിനി എന്ന വീട്ടമ്മയുടെ ഭർത്താവിന്റെ പേരിൽ നൽകിയ വ്യാജ കേസിൽ 18 ദിവസത്തോളം അവർക്ക് ബെംഗളൂരുവിലെ അഗ്രഹാര ജയിലിൽ കഴിയേണ്ടി വന്നു. മറ്റൊരു ഇരയായ സഫൂറയ്ക്ക് സ്വന്തം വീടും സ്ഥലവും നഷ്ടമായി. കർണാടക പൊലീസ് എത്തി അറസ്റ്റ് ചെയ്യുമെന്ന നിരന്തര ഭീഷണിയെ തുടർന്ന് പല കുടുംബങ്ങളും സ്വന്തം വീടുകളിൽ നിന്ന് മാറി ബന്ധുവീടുകളിലും അയൽവീടുകളിലുമാണ് കഴിയുന്നത്.
തട്ടിപ്പിനിരയായവർ ഖദീജയ്ക്കെക്കെതിരെ വടകര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ശക്തമായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.