തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് (ഒക്ടോബർ 10, ശനി) യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

ഇന്നലെ 9 ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യെല്ലോ അലർട്ട് മാത്രം കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടാകില്ല. കളക്ടർമാരുടെ ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ കാത്തിരിക്കണമെന്ന് അധികൃതർ അറിയിച്ചു.