കൊയിലാണ്ടി: പൊയില്‍ക്കാവ് മധ്യവയസ്‌ക കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കുട്ടികൃഷ്ണന്‍ പിടിയില്‍ . സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി കൊയിലാണ്ടി പോലീസ് ബസ് സ്റ്റാന്റ് , റെയില്‍വേ സ്‌റ്റേഷന്‍, പൊയില്‍ക്കാവിലെ വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് കൊയിലാണ്ടിയിലെ ബാറില് നിന്ന് പോലീസ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെയാണ് പൊയില്‍ക്കാവ് നാലുസെന്റ് കോളനിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തൊട്ടടുത്തായി പണിത താല്‍ക്കാലിക ഷെഡില്‍ സുധയെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. സമീപത്തായി കൊടുവാളുമുണ്ടായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഇവരുടെ വീടിന്റെ പ്രവൃത്തി നടന്നിരുന്നു. ഇതിന്റെ ഭാഗമായി വീടിന്റെ ഫോട്ടോ എടുക്കാനായി വന്ന് സുധയെ വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ ഇവര്‍ താമസിക്കുന്ന ഷെഡില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയും അദ്ദേഹം പൊലീസിനെ അറിയിക്കുകയുമായിരുന്നു