വടകര: തിരുവള്ളൂർ പഞ്ചായത്തിലെ കണ്ണമ്പത്ത്കര തുമ്പോളിമുക്കിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെ പ്രദേശത്ത് ഭീതി.
കാഞ്ഞിറോളി നമ്പ്യാർ വീടിന് സമീപം തിങ്കളാഴ്ച രാത്രിയാണ് പുലിയോട് സാമ്യമുള്ള വന്യജീവിയെ കണ്ടത്. അയൽവാസികളായ രണ്ട് പേരാണ് വന്യജീവിയെ കണ്ടതായി അറിയിച്ചത്.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വന്യജീവി സാന്നിധ്യമുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി.
പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കാനും കുട്ടികളെ പുറത്തുവിടുമ്പോൾ ശ്രദ്ധിക്കാനും നിർദേശിച്ചിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ മദ്രസയ്ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വന്യജീവിയെ വീണ്ടും കണ്ടാൽ വനംവകുപ്പിനെ അറിയിക്കണമെന്നും സ്വയം പിന്തുടരരുതെന്നും അധികൃതർ അറിയിച്ചു.
കുമ്മങ്കോട് ഉൾപ്പെടെ സമീപ പ്രദേശങ്ങളിൽ നേരത്തെയും വന്യജീവി സാന്നിധ്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.