വയനാട്: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. പാക്കം മാനിക്കാട്ട് തിമ്മപ്പന്റെ മകൻ സരീഷ് (35) ആണ് മരിച്ചത് ബൈക്കിലുണ്ടായിരുന്ന സഹയാത്രികൻ ഭൂദാനം ഉന്നതിയിലെ ദിനേഷിന് (36) ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന പി.എം.എസ് (PMS) എന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണത്തിന് കീഴടങ്ങി.
പരിക്കേറ്റ ദിനേഷിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സംഭവത്തിൽ പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.