കൊയിലാണ്ടി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശിയായ റാണ കറൻസി (36) ആണ് മരിച്ചത്. കാപ്പാട് ബീച്ചിലെ ബീച്ച് ഹൗസ് ഹോം സ്റ്റേയ്ക്ക് സമീപത്തുള്ള സ്ഥലത്താണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇന്ന് വൈകിട്ട് ആണ് സംഭവം. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുമായി മൃതദേഹം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാസർകോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'ബീച്ച് ഹൗസ് ഹോം സ്റ്റേ'യിലെ കെയർടേക്കറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.