പയ്യോളി: പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റി തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുറച്ച് ദിവസം മുന്‍പ് പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ കുട്ടി ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി അയച്ചു.

തുടര്‍ന്ന് ഇന്നലെ പരിശോധന ഫലം ലഭിച്ചപ്പോള്‍ ഷിഗല്ല പോസിറ്റീവാണെന്ന് തെളിഞ്ഞു. നിലവില്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുന്‍കരുതല്‍ നടപടിയ്ക്കായി നഗരസഭ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മുഴുവനായും ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കീഴൂര്‍ ഹെല്‍ത്ത് സെന്റര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ശുചീകരണ പ്രവൃത്തികള്‍ വാര്‍ഡ് തലത്തില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.