കൊച്ചി: കേരളത്തിൽ വീണ്ടും സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 70 രൂപയുടെ കുറവാണുണ്ടായത്. 14,305 രൂപയായാണ് ഗ്രാമിന്റെ വില ഇടിഞ്ഞത്. പവന്റെ വിലയിൽ 560 രൂപയുടെ കുറവുണ്ടായി. 1,14,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളാണ് സ്വർണവില സ്വാധീനിക്കുന്നത്.

സ്പോട്ട് ഗോൾഡ് വിലയിൽ 1.7 ശതമാനം ഇടിവുണ്ടായി. ഔൺസിന് 4,380 ഡോളറായാണ് വില ഇടിഞ്ഞത്. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.6 ശതമാനം ഇടിഞ്ഞ് 4,377.10 ഡോളറിലേക്ക് വീണു. യുദ്ധം സംബന്ധിച്ച ആശങ്കകൾ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇറാനും യുഎസും രംഗത്തെത്തിയിട്ടുണ്ട്.

യുദ്ധം വീണ്ടും ശക്തമായാൽ അത് എണ്ണവില ഉയരാനിടയാക്കുമെന്ന് ആശങ്കയുണ്ട്. ഇത് വിവിധ രാജ്യങ്ങളിലെ പണപ്പെരുപ്പവും ഉയർത്തും. പണപ്പെരുപ്പം ഉയരുന്നത് വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് വർധിപ്പിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കകളാണ് സ്വർണവിപണിയെ സ്വാധീനിക്കുന്നത്.

യുഎസ് പേഴ്സണൽ കൺസെപ്ഷൻ എക്സ്പെൻഡിച്ചർ ഡാറ്റയാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ഫെഡറൽ റിസർവിന്റെ വായ്‌പനയം ഏത് രീതിയിൽ മുന്നേറുമെന്ന് മനസിലാക്കാൻ ഈ ഡാറ്റകൾ സഹായിക്കും. വരും ദിവസങ്ങളിലെ സ്വർണവില നിശ്ചയിക്കുന്നതിൽ ഇതെല്ലാം സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ.