ദോഹ: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി നാട്ടിലേക്ക് വേഗത്തില്‍ പണം അയക്കാം. ഖത്തറില്‍നിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ വഴി അതിവേഗം പണമയക്കാനുള്ള പുതിയ സംവിധാനം നിലവില്‍ വന്നു. ഇന്ത്യ പോസ്റ്റ്, ഖത്തര്‍ പോസ്റ്റ്, യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍, എന്‍പിസിഐ, ഇന്റര്‍നാഷണല്‍ പേയ്മെന്റ്‌സ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് 'PosTransfer powered by UPI' സേവനം ആരംഭിച്ചത്.
ഖത്തറിലെ ചെറുകിട വരുമാനക്കാര്‍ക്കും തൊഴിലാളികള്‍ക്കും. നാട്ടിലേക്ക് ഏറ്റവും ലളിതമായും കുറഞ്ഞ നിരക്കിലും പണമയക്കാന്‍ ഇത് സഹായകമാവും. നാട്ടില്‍ പണം സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‌സി കോഡോ ആവശ്യമില്ല. യുപിഐ ഐഡി മാത്രം മതിയാകും. ഒരു ഇടപാടിന് ഫ്‌ലാറ്റ് നിരക്കായി 15 ഖത്തര്‍ റിയാല്‍ മാത്രമാണ് സര്‍വീസ് ചാര്‍ജ്. അയക്കാന്‍ സാധിക്കുന്ന കുറഞ്ഞ തുക 10 റിയാല്‍, കൂടിയ തുക 4,000 റിയാല്‍.
പണമയക്കുന്നയാളുടെ പേര്, സാധുതയുള്ള ഖത്തര്‍ ഐഡി , മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. ഇന്ത്യയില്‍ പണം സ്വീകരിക്കുന്നയാളുടെ, പേര്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം
എങ്ങനെ പണം അയക്കണം
പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുക: ഖത്തറിലെ ഏതെങ്കിലും ഖത്തര്‍ പോസ്റ്റ് ശാഖയിലെത്തുക.
രേഖകള്‍ കൈമാറുക: ഖത്തര്‍ ഐഡിയും മൊബൈല്‍ നമ്പറും നല്‍കുക.
ഓപ്ഷന്‍ തെരഞ്ഞെടുക്കുക: പണമയക്കല്‍ മാര്‍ഗ്ഗമായി 'UPI / PosTransfer' തെരഞ്ഞെടുക്കുക.
വിവരങ്ങള്‍ നല്‍കുക: നാട്ടിലുള്ള സ്വീകര്‍ത്താവിന്റെ യുപിഐ ഐഡിയും മൊബൈല്‍ നമ്പറും രേഖപ്പെടുത്തുക.
ക്രെഡിറ്റ് കണ്‍ഫര്‍മേഷന്‍: പണം അയച്ച ഉടന്‍ ഇന്ത്യയിലെ അക്കൗണ്ടില്‍ തുക ക്രെഡിറ്റാകും