ആലപ്പുഴ: ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മംഗലം സ്വദേശി മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മംഗലം സ്വദേശിയായ റോബിൻ (26) നെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ട് 6 മണിയോടെ മംഗലത്താണ് സംഭവം.
റോബിനും ഭാര്യയും നിരവധി നാളുകളായി അകന്നാണ് താമസിക്കുന്നത്. ഇതിനിടെ റോബിനൊപ്പം താമസിക്കുന്ന കുഞ്ഞിനെ കാണാനായി ഭാര്യ വാടക വീട്ടിലെത്തി. ഇവർക്കൊപ്പം മനീഷും ഉണ്ടായിരുന്നു.ഇത് കണ്ടതോടെ പ്രകോപിതനായ റോബിൻ ഭാര്യയുമായി മനീഷിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാക്കി.
തുടർന്ന് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് മനീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനീഷിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ മനീഷ് മരിച്ചു. വിവരമറിഞ്ഞ് ആലപ്പുഴ നോർത്ത് പോലീസ് സ്ഥലത്തെത്തി. റോബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.