പയമ്പ്ര: അരുണോദയം വായനശാല സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ‘വായനക്കളരി’ നാലാം ദിവസത്തിലേക്ക് കടന്നു. കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വിവിധ സെഷനുകളാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്.
ചിത്രകാരനും ഫോട്ടോഗ്രാഫറും വീഡിയോ ഗ്രാഫറും കലാകാരനുമായ മനോജ്കുമാർ കുന്നത്താക്കിൽ ചിത്രരചനയുടെ ബാലപാഠങ്ങൾ മുതൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, ആനിമേഷൻ എന്നിവയെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ക്ലാസ് കുട്ടികൾക്ക് പുതിയ അനുഭവമായി.
മീനങ്ങാടി GHSS ലെ അധ്യാപിക ഷിജി ടീച്ചർ ഒറിഗാമി പരിശീലനത്തിന് നേതൃത്വം നൽകി. പേപ്പർ വർക്കുകൾ ലളിതവും ഭംഗിയായും ചെയ്യാനുള്ള രീതികൾ ടീച്ചർ കുട്ടികളെ പരിശീലിപ്പിച്ചു.
നരിക്കുനി പഞ്ചായത്ത് ജീവനക്കാരൻ ഇ. സന്തോഷ് കുമാർ കുരുത്തോല ഉപയോഗിച്ച് കളിക്കോപ്പുകളും അലങ്കാര വസ്തുക്കളും എളുപ്പത്തിൽ നിർമിക്കാനുള്ള പരിശീലനം നൽകി. പരമ്പരാഗത കരകൗശല രീതികൾ കുട്ടികൾക്ക് നേരിട്ട് പഠിക്കാനായി.
വായനശാല ഭാരവാഹികളുടെ നേതൃത്വത്തിലാണ് കളരി പ്രവർത്തനങ്ങൾ നടക്കുന്നത്. ക്യാമ്പ് നാളെയും തുടരും.