തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 യാത്രക്കാർക്ക് പരിക്കേറ്റു. തളിപ്പറമ്പ് ഭാഗത്തേക്ക് വന്ന 'പാലക്കാടൻസ്' ബസും പയ്യന്നൂർ ഭാഗത്തേക്ക് പോയ 'പി കെ' ബസുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് കുപ്പം-തളിപ്പറമ്പ് റോഡിൽ ചെറിയ ഗതാഗത തടസ്സമുണ്ടായി. നാട്ടുകാരും പൊലീസും ചേർന്ന് അപകടത്തിൽപ്പെട്ട ബസുകൾ റോഡിൽ നിന്ന് മാറ്റി മിനിറ്റുകൾക്കകം ഗതാഗതം പുനഃസ്ഥാപിച്ചു.