കൊച്ചി: ബസിൽ സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റിൽ. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി കുമാരാലയം വീട്ടിൽ മിറോഷ് സി ടി (41) ആണ് പിടിയിലായത്. എറണാകുളം സെൻട്രൽ അസി. കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

സിസിടിവിയിൽ പതിഞ്ഞ ഒരു തുണിക്കടയുടെ കവറിലെ ചെറിയ എംബ്ലം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തമാക്കിയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

കഴിഞ്ഞ സെപ്റ്റംബർ 30-നായിരുന്നു സംഭവം. സ്കൂൾ വിട്ട് എറണാകുളത്ത് നിന്ന് എളമക്കരയിലെ വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് നേരെയായിരുന്നു അതിക്രമം. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ അറിയിക്കുകയും എളമക്കര പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവം എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം നോർത്ത് പൊലീസിന് കൈമാറി.

ബസ് നിർത്തിയ സ്റ്റോപ്പുകളിലെ സിസിടിവി പരിശോധിച്ചപ്പോൾ എളമക്കര പുതിയ റോഡ് ഭാഗത്ത് പ്രതി ഇറങ്ങിയതായി കണ്ടെത്തി. തുടർന്ന് അവിടുത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവിയിൽ പ്രതി തുണിക്കടയുടെ കവറുമായി നിൽക്കുന്ന ദൃശ്യം ലഭിച്ചു. ആ കവറിലെ എംബ്ലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.