ആലുവ: നെടുമ്പാശ്ശേരി അത്താണിയിൽ വിമാനം താഴ്ന്നു പറന്ന് വീടിന്റെ മേൽക്കൂരക്ക് കേടുപാട്. ആലുവ സ്വദേശി സൈമൺ കാട്ടുപറമ്പിലിൻ്റെ വീടിന്റെ ഓടുകൾ താഴേക്ക് പതിച്ചു. ഗൾഫ് എയർ വിമാനമാണ് താഴ്ന്നു പറന്നത്. ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം. സൈമണും ഭാര്യയും പള്ളിയിൽ പോയി വീട്ടിൽ തിരിച്ചെത്തിയ സമയത്താണ് സംഭവം.അപകടം നടക്കുന്ന സമയത്ത് ഇരുവരും വീടിനകത്തുണ്ടായിരുന്നു. താഴേക്ക് വീണ ഓടുകളിലൊന്ന് സൈമണിന്റെ തോളിൽ പതിക്കുകയും ചെറിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിഷയം നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപും സൈമണിന്റെ വീട്ടിലേക്ക് ഇത്തരത്തിൽ വിമാനം താഴ്ന്നുപറന്നിട്ടുണ്ട്.
കഴിഞ്ഞ മാസവും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്നുപറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനായി വിമാനം ഒക്കൽ പ്രദേശത്തിന് മുകളിലൂടെ താഴ്ന്ന് പറന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വിമാനം കടന്നുപോയതിന് പിന്നാലെ ഉണ്ടായ ശക്തമായ വായുസമ്മർദ്ദത്തിലും കാറ്റിലും വീടിൻ്റെ മേൽക്കൂരയിലെ നൂറിലധികം ഓടുകൾ ഇളകി താഴെ പതിക്കുകയായിരുന്നു. സംഭവസമയത്ത് വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.