തിരുവനന്തപുരം: തുടർച്ചയായ അഞ്ചുദിവസത്തെ വൻ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. വിപണിയിൽ ഒരു പവൻ ഇന്ന് 22 കാരറ്റ് സ്വർണത്തിന് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,320 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ച് 14,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
24 കാരറ്റ് സ്വർണത്തിനും ഇന്ന് വില കൂടിയിട്ടുണ്ട്. ഗ്രാമിന് 147 രൂപ വർധിച്ച് 15,316 രൂപയും, പവന് 1,22,528 രൂപയുമാണ് 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണിവില. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ മാത്രം സ്വർണവിലയിൽ ഏകദേശം 3000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ഇടിവിൽ നിന്നാണ് ആഭ്യന്തര വിപണി ഇന്ന് ശക്തമായി തിരിച്ചുകയറിയത്.
അമേരിക്കയിൽ തൊഴിലവസരങ്ങൾ മെച്ചപ്പെട്ടതും അടുത്തുണ്ടാകാൻ ഇടയില്ലാത്ത പലിശനിരക്ക് കുറയ്ക്കലും രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ഡോളർ കരുത്താർജ്ജിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ഒഴുക്കിന് അല്പം മന്ദഗതിയുണ്ടായി.