മലപ്പുറം: മലബാർ മേഖലയിലെ കോളജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ.
തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവിനെയാണ് മലപ്പുറം സൈബർ പോലീസ് പിടികൂടിയത്. മലപ്പുറം എസ്.പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.
മലബാർ കേന്ദ്രീകരിച്ച് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. ജില്ലയിലെ പന്ത്രണ്ടോളം കോളജുകളിൽ നിന്നാണ് മോർഫിംഗ് സംബന്ധിച്ച് പരാതി ലഭിച്ചത്. തുടർന്ന് മെറ്റ ഉൾപ്പെടെയുള്ള അധികൃതരോട് പോലീസ് വിവരങ്ങൾ തേടി. നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ടെക്നീഷ്യനായ ഇരുപത്തിയാറുകാരൻ പിടിയിലാകുന്നത്.
വ്യാജ അക്കൗണ്ടുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചതിലൂടെ ഇയാൾക്ക് സാമ്പത്തിക നേട്ടം ഉണ്ടായതായും പോലീസ് വിലയിരുത്തുന്നു. ചോദ്യം ചെയ്യലിൽ സുബിൻ ബാബു കുറ്റം സമ്മതിച്ചതായാണ് സൂചന.