തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ജില്ലാ പഞ്ചായത്തിലെ കല്ലറ വാർഡ് ഉൾപ്പെടെയുള്ള വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനാണ് തീയതി പ്രഖ്യാപിച്ചത്. വിജ്ഞാപനം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിക്കും.
സെപ്റ്റംബർ 3 മുതൽ 10 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന സെപ്റ്റംബർ 11ന്. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14.
വോട്ടെടുപ്പ് സെപ്റ്റംബർ 28ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10ന്. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ ഒന്നാണ്. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്ക് ഒക്ടോബർ 29നകം സമർപ്പിക്കണം.
ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രദേശം മുഴുവനായും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് ചട്ടം ബാധകമാകുക.
ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. വോട്ടർപട്ടിക തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്.
കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെ 12 ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവ ഉൾപ്പെടെ 38 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്.