കോഴിക്കോട്: ജില്ലയിൽ ഒരാൾക്കു കൂടി മലേറിയ (മലമ്പനി) സ്ഥിരീകരിച്ചു. ഇന്നലെയും ഒരാൾക്ക് മലേറിയ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് കോഴിക്കോട് ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശിയായ 62 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.

ആരോഗ്യ നില തൃപ്തികരമാണ് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തദ്ദേശീയ മലേറിയയാണിതെന്നാണ് നിഗമനം. അതിനാൽ രോഗിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം 300 പേരുടെ രക്ത സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ആർക്കും രോഗ ലക്ഷണങ്ങളില്ല.

ഇന്നലെ തിക്കോടിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ തിക്കോടിയിൽ മധ്യപ്രദേശിൽ നിന്ന് വന്ന അതിഥി തൊഴിലാളിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മേയ് അവസാനവാരമാണ് ഇയാൾ കോഴിക്കോട് എത്തിയത്. ജൂൺ എട്ടിന് പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പിന്നാലെ സാമ്പിൾ പരിശോധനയിൽ മലേറിയ സ്ഥിരീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇടുക്കി കട്ടപ്പനയിലും നേരത്തെ കഴിഞ്ഞ ദിവസം മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 349 പേർക്കാണ് മലേറിയ ബാധിച്ചത്. ഇതിൽ 346 പേർക്ക് സംസ്ഥാനത്തിനു പുറത്തുനിന്ന് രോഗം ബാധിച്ചവരാണ്. മൂന്ന് പേർക്കാണ് കേസുകൾ തദ്ദേശീയമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.