കണ്ണൂര്‍: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയും മുൻ സിപിഐഎം നേതാവുമായ ടി. പുരുഷോത്തമന്റെ ഷെഡ് തീവെച്ച് നശിപ്പിച്ചതായി പരാതി. ചെമ്മീൻ കൃഷിക്കായി ഉപയോഗിച്ചിരുന്ന ഷെഡ്ഡും അതിലുണ്ടായിരുന്ന സാധനങ്ങളുമാണ് കത്തിനശിച്ചത്.
ചെമ്മീൻ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിച്ചിരുന്ന ഷെഡ്ഡാണ് ഇന്നലെ രാത്രിയോടെ ആക്രമിക്കപ്പെട്ടത്. രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് സംഭവം പുരുഷോത്തമൻ അറിയുന്നത്. ഷെഡ്ഡിന്റെ ഭൂരിഭാഗവും പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്.
മുൻ എംഎൽഎ ടി.ഐ. മധുസൂധനന്റെ പ്രകോപനപരമായ പ്രതികരണങ്ങൾക്കും തനിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ കൊലവിളികൾക്കുമെതിരെ കഴിഞ്ഞ ദിവസം പുരുഷോത്തമൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആക്രമണമുണ്ടായത്.
സ്ഫോടക വസ്തു ഉപയോഗിച്ചാണ് ഷെഡ് തകർത്തതെന്നും കൃഷിയിലേക്ക് ഏതെങ്കിലും തരത്തിലുള്ള ദ്രാവകം ഒഴിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും പുരുഷോത്തമൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻപും തന്റെ കാറിന് തീയിടുകയും വീടിന്റെ ചില്ലുകൾ വാളുപയോഗിച്ച് തകർക്കുകയും ചെയ്തിട്ടുണ്ടെന്നും, ടി.ഐ. മധുസൂധനന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളെല്ലാം നടക്കുന്നതെന്നും അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.