കോഴിക്കോട്: സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടില്‍ എത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശിനി എം വി നസീമ (47) ആണ് മരിച്ചത്. ഇവരുടെ സഹോദരന്‍ പി ടി നാസര്‍ (50) മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് നാസറിന് മരണം സംഭവിച്ചത്. ഈ വിവരമറിഞ്ഞ് നാസറിന്റെ വീട്ടിലെത്തിയ നസീമ അവിടെവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെസ്‌നിയാണ് നാസറിന്റെ ഭാര്യ. മക്കള്‍: സിയ ഫാത്തിമ, ഹയ ഫാത്തിമ. കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശി എം വി നജീബിന്റെ ഭാര്യയാണ് നസീമ. മക്കള്‍: ദഹബീന, മുഹമ്മദ് യാസിം, നഷ്വിന്‍ നവ്വാഫ്.