ബെംഗളൂരു: കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം സംഭവിച്ചത്.
കുടജാദ്രി ദർശനം കഴിഞ്ഞ് ജീപ്പിൽ കൊല്ലൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ദെളിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വന്ന ലോറിയും ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ എട്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിംങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൂകാംബിക ക്ഷേത്ര ദർശനത്തിന് വിവിധ സ്ഥലങ്ങളിൽ നിന്നു നിന്നുള്ള സംഘം യാത്ര തിരിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം നാട്ടിലേയ്ക്ക് തിരിക്കും മുൻപ് യാത്രാസംഘത്തിലെ നാൽപ്പതോളംപേർ
ഇന്ന് രാവിലെ അഞ്ച് ജീപ്പുകളിലാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ഏറ്റവും പിന്നിൽ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.