കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം നടന്നത്.
ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് തിരിക്കവേ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്ത് വലിയൊരു ഇറക്കമുണ്ട്. ഈ ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ സുധാകരൻ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
നിയന്ത്രണം വിട്ട കാർ ആദ്യം റോഡരികിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിക്കുകയും, തുടർന്ന് വലിയ ആഘാതത്തോടെ മതിലിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു.
പുലർച്ചെ നാലേമുക്കാലോടെയാണ് പ്രദേശവാസികൾ വിവരമറിയുന്നത്. നാട്ടുകാർ ഓടിയെത്തുമ്പോൾ കാർ പൂർണമായുംഅഗ്നിക്കിരയായിക്കൊണ്ടിരിക്കുകയായിരുന്നു . ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിക്കത്തി.