തൃശൂർ: കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേർ റിമാൻഡിൽ. ആർത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പിൽ വീട്ടിൽ അജിത്ത്, പൊലിയത്ത് വീട്ടിൽ ഡാനിഷ്, പാമ്പിങ്ങൽ വീട്ടിൽ ഷിജിൽ എന്നിവരാണ് റിമാൻഡിലായത്.

കുന്നംകുളത്തെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം അമിതവേഗതയിൽ പോയ കാറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഒളിവിൽ പോയ കാർ ഡ്രൈവർ ബെനിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അമിതവേഗതയിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ ഇടിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. കാറും ബൈക്കും പൂർണമായും തകർന്നു.

അപകടത്തിൽ ബൈക്ക് യാത്രികരായിരുന്ന എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമിൽ എന്നിവർക്ക് ജീവൻ നഷ്ടമായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.