മഞ്ചേരി: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി ഏഴു വർഷത്തിനു ശേഷം പിടിയിൽ.
ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീർ (32) ആണ് പിടിയിലായത്. പാണ്ടിക്കാട് ഇൻസ്പെക്ടർ സി.കെ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
2019-ലാണ് കേസിനാസ്പദമായ സംഭവം. കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷബീർ വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് തിരിച്ചെത്തി എറണാകുളത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതി, വീണ്ടും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിനിരയായ യുവതിയുടെ മുറിവിൽ നിന്ന് നടത്തിയ രാസപരിശോധനയിൽ സൾഫ്യൂരിക് ആസിഡിന്റെ അംശം കണ്ടെത്തിയിരുന്നു.
കരുവാരക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ ഡാനിയൽ, ഉജേഷ്, ധന്യേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.