വടകര: ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഴിയൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപം ‘ദാറുൽ ഹെയ്‌റർ’ വീട്ടിൽ ആയാടത്തിൽ അൻസാർ (38) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ വ്യാഴാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു മരണം.Tourist Destinations
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരം-മംഗലാപുരം ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമെത്താറായപ്പോൾ അൻസാർ അബദ്ധത്തിൽ ട്രാക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഇദ്ദേഹത്തിന്റെ ഇടതുകാൽ മുട്ടിന് താഴെവെച്ച് അറ്റുപോയിരുന്നു.
അപകടവിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും (RPF) ചേർന്നാണ് അൻസാറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ബഷീറിന്റെയും ഹയറുന്നിസയുടെയും മകനാണ്.